വാര്ഷിക സ്കോളര്ഷിപ്പ് (ചട്ടം 26 (ജി) :
സേവനത്തിലിരിക്കെ മരണമടയുന്ന ബോർഡിൽ അംഗങ്ങളായ സഹകരണസംഘം ജീവനക്കാരുടെ മക്കളുടെ 18 വയസ്സ് പൂർത്തിയാകുന്നതുവരെയുള്ള തുടർ വിദ്യാഭ്യാസത്തിന് ഭരണസമിതി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന തുക വാർഷിക സ്കോളർഷിപ്പായി അനുവദിക്കുന്നതാണ്.
സ്കോളർഷിപ്പിനായുള്ള നിബന്ധനകൾ
1. കേരള സ്റ്റേറ്റ് കോ-ഒാപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ചട്ടങ്ങളിൽ സ്കോളർഷിപ്പിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ 22/02/2024 ന് ശേഷം സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ നിയമാനുസൃതമുള്ള അവകാശികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.
2. സഹകരണസംഘങ്ങളിൽ/സ്ഥാപനങ്ങളിൽ ജോലി ചെയ്ത്വരവെ മരണമടയുന്ന വെൽഫെയർ ബോർഡിൽ അംഗമായിട്ടുള്ള ജീവനക്കാരുടെ 18 വയസ്സിൽ താഴെയുള്ള മക്കളുടെ വിദ്യാഭ്യാസത്തിന് ബോർഡ് ചട്ടം 26(g) പ്രകാരം സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ്.
3. ബോർഡ് ചട്ടം 19(b) പ്രകാരം ഒാപ്ഷൻ സമർപ്പിക്കുകയും ചട്ടം 26(a) പ്രകാരം മരണാനന്തര സഹായം ലഭിക്കുന്നതിന് അർഹതയുള്ളതുമായ ജീവനക്കാരുടെ 18 വയസ്സിൽ താഴെയുള്ള മക്കൾക്ക് വിദ്യാഭ്യാസ അവശ്യങ്ങൾക്കായി സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ്.
4. ബോർഡിലേക്ക് അടവാക്കേണ്ടുന്ന ജീവനക്കാരുടെ വിഹിതമോ സംഘം/സ്ഥാപനത്തിന്റെ വിഹിതമോ അതോ രണ്ടും കൂടിയോ കുടിശ്ശിക വരുത്തിയിട്ടുള്ള ജീവനക്കാർ ജോലിയിലിരിക്കെ മരണപ്പെട്ടാൽ മക്കൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതല്ല.
5. അക്കാഡമിക് വർഷം ആരംഭിച്ച് രണ്ട് മാസത്തിനകം സ്കോളർഷിപ്പിനുള്ള അപേക്ഷ ബോർഡിന്റെ റീജിയണൽ ഒാഫീസ് മുഖാന്തിരം അഡിഷണൽ രജിസ്ട്രാർ/സെക്രട്ടറി- ട്രഷറർക്ക് സമർപ്പിക്കേണ്ടതാണ്.
6. സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരന്റെ മകൻ/മകൾക്ക് പതിനെട്ട് വയസ് പൂർത്തിയാകുന്നത് വരെ എല്ലാ അക്കാഡമിക്ക് വർഷവും ക്രമപ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
7. എല്ലാ വർഷവും ജൂൺ മാസം 1 ന് ആരംഭിക്കുന്ന അക്കാഡമിക് വർഷം കണക്കാക്കി വാർഷിക അടിസ്ഥാനത്തിൽ ഒറ്റതവണ എന്ന രീതിയിൽ ആയിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.
8. സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരന്റെ മകൻ/മകൾക്ക് പതിനെട്ട് വയസ് പൂർത്തിയാകുന്ന മുറയ്ക്ക് സ്കോളർഷിപ്പിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. അക്കാഡമിക് വർഷം ആരംഭിക്കുന്ന ജൂൺ 1 അടിസ്ഥാനമാക്കി ആയിരിക്കും അർഹത തീരുമാനിക്കുന്നത്. ജൂൺ രണ്ടോ അതിന് ശേഷമോ 18 വയസ് പൂർത്തിയാകുന്നവർക്ക് ആ അക്കാഡമിക് വർഷത്തെ സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതാണ്.
9. 18 വയസ്സിൽ താഴെ പ്രായമുള്ള വിദ്യാർത്ഥികളായ മക്കൾ ഉള്ള സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരൻ, വെൽഫെയർ ബോർഡിൽ അംഗമാകുന്ന സമയത്ത് സമർപ്പിച്ചിട്ടുള്ള ഒാപ്ഷൻ ഫോമിൽ നോമിനിയായി ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിയ്ക്കോ സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരന്റെ/ജീവനക്കാരിയുടെ നിയമപ്രകാരമുള്ള ഭാര്യയ്ക്കോ ഭർത്താവിനോ ജീവനക്കാരൻ/ജീവനക്കാരി ജോലി ചെയ്തിരുന്ന സഹകരണ സംഘം/സ്ഥാപനത്തിലെ സെക്രട്ടറിയ്ക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതിനായി Annexure IX ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
10 Annexure IX പ്രകാരമുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മകൻ/മകൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ്/പ്രിൻസിപ്പാൾ നിന്നുള്ള നിശ്ചിത മാതൃകയിൽ ഉള്ള സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തേണ്ടതാണ്.
11. നിയമപ്രകാരമുള്ള അവകാശികളിൽ നിന്നോ നോമിനിയിൽ നിന്നോ ലഭിച്ച അപേക്ഷകൾ സഹകരണ സംഘം/സ്ഥാപന സെക്രട്ടറി പരിശോധിച്ച് സ്കോളർഷിപ്പിന് അർഹതയുള്ള പക്ഷം ഭരണസമിതി തീരുമാനം സഹിതം ആവശ്യമായ രേഖകളോടെ ബോർഡിന്റെ റീജിയണൽ ഒാഫീസ് മുഖാന്തിരം അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
12. Annexure IX ൽ സഹകരണ സംഘം/സ്ഥാപനത്തിന്റെ സെക്രട്ടറി/ചീഫ് എക്സിക്യൂട്ടീവ് ആഫീസർ, ഭരണസമിതി പ്രസിഡന്റ്/ചെയർമാൻ എന്നിവർ ഒപ്പ് വയ്ക്കേണ്ടതും ഭരണ വിഭാഗം താലൂക്ക് തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥൻ കൗണ്ടർ സൈൻ ചെയ്യേണ്ടതുമാണ്.
13. അപ്പക്സ് സഹകരണ സംഘങ്ങളിൽ നിന്നുള്ള അപേക്ഷകൾ ടി സ്ഥാപനത്തിലെ കൺകറന്റ് ആഡിറ്ററും പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന സഹകരണ ബാങ്കുകളിൽ നിന്നുള്ള അപേക്ഷകൾ വാല്യുഷൻ ആഫീസർ/അസിസ്റ്റന്റ് രജിസ്ട്രാറും ഒപ്പ് വച്ചാൽ മതിയാകും.
14. ഇന്ത്യയിൽ എവിടേയും സംസ്ഥാന സെൻട്രൽ സിലബസുകളിൽ ഒരു അക്കാഡമിക് വർഷത്തിൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് 1,500/- (ആയിരത്തി അഞ്ഞൂറ് രൂപ മാത്രം) രൂപയും എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് 2,500/-(രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) രൂപയും പ്ലസ് ടു/എെ.ടി.എെ/പോളി ടെക്നിക്ക് പഠനത്തിന് 3,500/-(മുവ്വായിരത്തി അഞ്ഞൂറ് രൂപ മാത്രം) രൂപയും ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലകളിലെ റെഗുലർ ആയിട്ടുള്ള പ്രൊഫഷണൽ ഡിഗ്രി ഉൾപ്പെടെയുള്ള എത് ഡിഗ്രി പഠനത്തിനും 5,000/-(അയ്യായിരം രൂപ മാത്രം) രൂപയും സ്കോളർഷിപ്പിനത്തിൽ അനുവദിക്കുന്നതാണ്.
സ്കോളർഷിപ്പിനായി സമർപ്പിക്കേണ്ട രേഖകൾ :
(എ). Annexure IX പ്രകാരമുള്ള അപേക്ഷ
(ബി). സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി വെൽഫെയർ ബോർഡ് അഡീഷണൽ രജിസ്ട്രാർ/ സെക്രട്ടറിയോട് അപേക്ഷിക്കുന്ന ഭരണസമിതി തീരുമാനം
(സി). ജീവനക്കാരന്റെ മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
(ഡി). റവന്യൂ അധികാരികളിൽ നിന്നുള്ള ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്
(ഇ). വിദ്യാർത്ഥിയുടെ ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
(എഫ്). ബോർഡിൽ നിന്നും മരണാന്തര ധനസഹായം അനുവദിച്ചത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ്/ അനുവദിക്കാത്തപക്ഷം ആയത് സംബന്ധിച്ച
സ്ഥാപനത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ആഫീസറുടെ വിശദീകരണം.